Tuesday, November 1, 2011

മന്ത്രി ജേക്കബിന്റെ മരണം കൊലപാതകമോ ആത്മഹത്യയോ?

പ്രഗല്‍ഭനായ ഒരു ഭരണകര്‍ത്താവിനെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ആരോഗ്യ രംഗത്തെ സ്പെഷ്യലിസ്റ്റുകളുടെ മുഖത്ത് വീണ്ടും ചെളി വാരി എറിയപ്പെട്ടിരിക്കുന്നു.

അകാല മരണങ്ങളെല്ലാം നരഹത്യയോ ആത്മഹത്യയോ ആയിരിക്കും! വൈറ്റലിറ്റി, ഫാസ്റ്റിംഗ് ആന്റ് ന്യൂട്രീഷന്‍ എന്ന വിഖ്യാതമായ ഗ്രന്ഥം രചിച്ച ഹെരിവാര്‍ഡ് കാരിംഗ്ടണ്‍ അഭിപ്രായപ്പെട്ടതാണിത്. ആ നിലയ്ക്ക് മന്ത്രി ജേക്കബിന്റെ മരണം ഒരു പോസ്റ്റ് മോര്‍ട്ടം അര്‍ഹിക്കുന്നില്ലേ?

ഹൃദയത്തിന് സമ്മര്‍ദ്ദം കൂടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ്വ രോഗമായിരുന്നു അദ്ദേഹത്തിന്. 18 വര്‍ഷമായി ഈ രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. -മാതൃഭൂമി, 31/10/2011

ഹെപ്പറ്റൈറ്റിസ്-ബി ബാധിച്ചു ലണ്ടനില്‍ ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ ടി.എം. ജേക്കബ് നിയമസഭയില്‍ അവതരിപ്പിച്ച ആദ്യ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം സാധാരണക്കാര്‍ക്ക് സൗജന്യമായി ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു. -മലയാള മനോരമ, 1/11/2011

വളരെ നേരത്തെ തന്നെ രോഗനിര്‍ണ്ണയവും സാധ്യമായ ചികിത്സാ സൗകര്യങ്ങളും മന്ത്രി ജേക്കബിന് ലഭിക്കുകയുണ്ടായി എന്നു വേണം കരുതാന്‍. എന്നിട്ടും ആരോഗ്യം വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ വന്നു, മരണത്തിന് കീഴ്പ്പെടുകയും ചെയ്തു. വിധി എന്നോ ദുര്യോഗം എന്നോ പറഞ്ഞ് എളുപ്പത്തില്‍ ആശ്വാസം നേടാന്‍ സാധാരണക്കാര്‍ക്ക് സാധിക്കുമായിരിക്കും. പക്ഷെ, പരാജയം മറച്ചു വയ്ക്കാന്‍ ഉത്തരവാദിത്ത്വപ്പെട്ടവര്‍ക്ക് കടിച്ചാല്‍ പൊട്ടാത്തതും നട്ടാല്‍ കുരുക്കാത്തതും സങ്കീര്‍ണ്ണവും ആയ ഒരുപാട് പദാവലികള്‍ ഉപയോഗിക്കേണ്ടി വരും.

പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ സംഭവിക്കുന്നത് പ്രധാനമായും ഡയസ്റ്റോളികു് ഡിസ്ഫങ്ങ്ഷന്‍, ഹൈപോക്സിയയോടു കൂടിയുള്ള ശ്വാസകോശ രോഗം, സ്ലീപ് അപ്നിയ തുടങ്ങിയവ മൂലമാണെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കാതെ വരുന്നത് ഇഡിയോപതിക് കേസുകളായും പരിഗണിക്കുന്നു. ഏത് പേരിട്ട് വിളിച്ചാലും ഈ രോഗാവസ്ഥയില്‍ നിന്ന് ആരോഗ്യം വീണ്ടെടുക്കല്‍ പ്രയാസമേറിയതാണെന്ന് മെഡിക്കല്‍ ടെക്സ്റ്റുകള്‍ വ്യക്തമാക്കുന്നു.

ഐസക് അസിമോവ് രചിച്ച ദി ഹ്യൂമന്‍ ബോഡി എന്ന പുസ്തകത്തില്‍ ഇഡിയോപതിക് എന്ന വാക്കിനെ കുറിച്ചുള്ള പരാമര്‍ശം ഇങ്ങനെയാണ്: അറിവില്ലായ്മ മറച്ചു പിടിക്കാന്‍ ഉപയോഗിക്കുന്ന അത്യുക്തിപരമായ ഒരു പ്രയോഗം. ഞങ്ങള്‍ ഇഡിയറ്റ്സ് - വിഡ്ഢികളാണ്; എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ലാ... എന്ന് സമ്മതിക്കുന്ന പദം!

അറിയാത്ത രോഗകാരണത്തിന് ഫലിക്കാത്ത ചികിത്സ നിര്‍ദ്ദേശിച്ച് കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതെയാക്കുന്ന ഈ പ്രവണതയെ അത്യാധുനികം എന്ന് വാഴ്ത്തിപ്പാടി മനുഷ്യകുലത്തെ ആകെ വഴിതെറ്റിക്കുന്ന ശീലം കാലങ്ങളായി നടമാടുന്നു. അതില്‍ പാവം ജേക്കബും വീണുപോയതാകുമോ?

ചെറു പ്രായത്തില്‍ തന്നെ ഉന്നത ശ്രേണിയിലുള്ള ഉത്തരവാദിത്വങ്ങളും പ്രവര്‍ത്തന മേഖലകളും തെരഞ്ഞെടുത്ത ടി.എം. ജേക്കബിന്റെ ശരീര ചൈതന്യ ശക്തി സ്വാഭാവികമായും ക്ഷീണിച്ചിരിക്കാം. ആരോഗ്യ സംരക്ഷണ രംഗത്ത് പാലിക്കേണ്ട സമഗ്രത യഥാവിധി നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിന് കഴിയാതെ വന്നിരിക്കാം. തന്റെ ജീവിതവൃത്തിക്ക് അനുസൃതമായ ആരോഗ്യ ശീലങ്ങള്‍ പിന്‍തുടരേണ്ട ആവശ്യകത ബുദ്ധിമാനായ ഒരാളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. ഒരുപക്ഷെ ജേക്കബ് ആശ്രയിച്ചത് സ്പെഷ്യലിസ്റ്റുകളെന്ന് അദ്ദേഹം കരുതിയ ഇഡിയറ്റുകളെ ആകാം. അങ്ങിനെയെങ്കില്‍ അവരാണ് ജേക്കബിന്റെ കൊലയാളികള്‍.

സ്പെഷ്യലിസ്റ്റുകള്‍ ഇഡിയറ്റുകളല്ലാതിരിക്കുകയും ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യ പരിപാലനത്തിന് കൃത്യവും ഫലപ്രദവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവര്‍ നല്‍കുകയും ചെയ്തിരുന്നു എന്ന് കരുതുക. എങ്കില്‍ അതു പാലിക്കാതെ ആത്മഹത്യയുടെ പാത തെരഞ്ഞടുക്കുകയായിരുന്നു ജേക്കബ് എന്നാണോ അനുമാനിക്കേണ്ടത്?

Thursday, June 9, 2011

പ്രകൃതിചികിത്സകർ വ്യാജഡോക്ടർമാർ!


പത്രമാധ്യമങ്ങളിൽ 2011 ജൂൺ 6, 7 തിയതികളിൽ വന്ന വാർത്തയിൽ നാലു വർഷമായി പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ ഡോ. എൻ. ദീപ്തി എന്ന പേരിൽ പ്രകൃതിചികിത്സ പ്രാക്ടീസ് ചെയ്യുകയാണത്രേ ഒരു വ്യാജഡോക്ടർ! കൃത്യനിർവ്വഹണത്തിൽ അഗാധ പ്രതിബദ്ധതയുള്ള നിയമപാലകർ അവരുടെ കർത്തവ്യം യഥാവിധി നിർവ്വഹിച്ചു; ജാമ്യമെടുക്കാനുള്ള സാധ്യതപോലും ഇല്ലാതാക്കി ജൂൺ 5 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ദീപ്തിയെ തുറുങ്കിലടച്ചു! വനിതയെന്ന പരിഗണന കോടികൾ വിഴുങ്ങിയെന്ന് പറയുന്ന പാർലമെന്റ് അംഗം കനിമൊഴിക്കുപോലും കൊടുത്തിട്ടില്ല, പിന്നെയല്ലേ പ്രകൃതിചികിത്സ എന്ന കൊടുംക്രൂരത ചെയ്യുന്ന ഈ വ്യാജഡോക്ടർക്ക്...!

ഡോ. ദീപ്തി ഹാജരാക്കിയ DNYS സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്ന 'അഖിൽ ഭാരതീയ പ്രകൃതിക് ചികിത്സാ പരിഷദ്' എന്നൊരു സ്ഥാപനം നിലവിലില്ലെന്ന് അധികാരികൾ പറഞ്ഞതായറിയുന്നു. ഗാന്ധിജിയെ ഞാൻ കണ്ടിട്ടില്ല, അതുകൊണ്ട് ഗാന്ധിജി ഇല്ല എന്ന് പറയുന്നെങ്കിൽ ഞാൻ എന്റെ അല്പത്തമാണോ വിഡ്ഢിത്തമാണോ പ്രഘോഷിക്കുന്നത്? ഭാരതത്തിൽ നിലവിലുള്ള ഗാന്ധിയൻ സ്ഥാപനങ്ങളിൽ ഒന്നാണ് ന്യൂഡെൽഹി ആസ്ഥാനമായുള്ള അഖിൽ ഭാരതീയ പ്രകൃതിക് ചികിത്സാ പരിഷദ്. അവിടെനിന്ന് DNYS പരീക്ഷ പാസായ അസൽ സർട്ടിഫിക്കറ്റാണ് ഡോ. ദീപ്തിയുടേതെങ്കിൽ അത് വ്യാജമാകുന്നതെങ്ങിനെ?

1956 മെയ് 10നു രജിസ്റ്റർ ചെയ്യപ്പെട്ട അഖിൽ ഭാരതീയ പ്രകൃതിക് ചികിത്സാ പരിഷദിൽ നിന്നുള്ള ND, DNYS സർട്ടിഫിക്കറ്റുകൾ വ്യാജമാണെങ്കിൽ ഏതാണ്ട് നാലായിരത്തോളം 'വ്യാജന്മാർ' ഇത്തരത്തിൽ നമ്മുടെ ഇടയിൽ പ്രകൃതിചികിത്സയും യോഗയും പ്രാക്ടീസ് ചെയ്യുന്നുണ്ടാകണം. അങ്ങിനെയെങ്കിൽ ഇവരെയൊക്കെ ഒട്ടും വൈകാതെ തുറുങ്കിലടയ്ക്കണ്ടേ? ഇവരുടെ ഇടയിൽ വ്യാജരിൽ വ്യാജൻ എന്ന് വിളിക്കാവുന്ന ഡോ. ജേക്കബ് വടക്കൻചേരിയേപ്പോലുള്ളവരെ പ്രകൃതിചികിത്സ എന്ന കൊടുംക്രൂരത ചെയ്യുന്നു എന്നതിന്റെ പേരിൽ തൂക്കിലേറ്റേണ്ടേ? ഈവക വ്യാജന്മാരെ നട്ട് നനച്ച് വളർത്തി വലുതാക്കുന്ന പരിഷദിന്റെ കേരളത്തിലെ സ്റ്റഡിസെന്റർ ഒറ്റപ്പാലം നിള നേച്വർ ക്യൂർ ആന്റ് യോഗ സെന്റർ നടത്തുന്ന ഡോ. ഇ. നാരായണനെപ്പോലെയുള്ളവരെ നാടുകടത്തേണ്ടേ?

പ്രകൃതിചികിത്സകർക്ക് രജിസ്ട്രേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സർക്കാർ തലത്തിൽ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഉത്തരവാദിത്വബോധമില്ലാത്ത നടപടികൾ സ്വീകരിക്കുന്ന അധികാരികളും അത്തരം നടപടികൾക്ക് മഞ്ഞപ്പത്രങ്ങളെ കടത്തിവെട്ടുന്ന തരത്തിൽ പ്രചാരം നൽകുന്ന മുഖ്യധാരാമാധ്യമങ്ങളും തങ്ങളുടെ വിശ്വാസ്യതയല്ലേ കളഞ്ഞുകുളിക്കുന്നത്!!

കുറിപ്പ്: നാച്യുറോപത്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, തൃശൂർ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും എന്റെ വ്യക്തിപരമായ നിലയിലും ഡോ. ദീപ്തിക്ക് എല്ലാവിധ ധാർമ്മിക പിന്തുണയും ഞാൻ ഉറപ്പ് നൽകുന്നു.

Wednesday, April 20, 2011

ആയിരത്തില്‍ ഒരുവന്‍

തൃശൂര്‍ ജില്ലയിലെ ഒരു എഞ്ചിനിയറിംഗ് കോളേജില്‍ കഴിഞ്ഞ ആഴ്ച വെല്‍നെസ് സെമിനാറും ഹെല്‍ത്ത് അസെസ്മെന്റ് ക്യാമ്പെയിനും നടത്തുകയുണ്ടായി. പ്രധാനമായും ഐടി മേഖലയുമായി ബന്ധപ്പെട്ടവരായിരുന്നു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. ആശങ്കയുളവാക്കുന്ന ചില നിരീക്ഷണങ്ങള്‍ക്കാണ് എനിക്ക് അവസരം ലഭിച്ചത്.

ഭൂരിഭാഗം പെണ്‍കുട്ടികളും അദ്ധ്യാപികമാരും ശരാശരി ആരോഗ്യനിലവാരത്തിനു താഴെയായിരുന്നു. ക്ഷീണവും തളര്‍ച്ചയും അദ്ധ്യാപികമാരില്‍ കൂടുതലായി കണ്ടു. പലരും പ്രാതല്‍ കഴിക്കാതിരിക്കുന്നത് ശീലമാക്കിയിരിക്കുന്നു. ഒരുവശത്ത് തൂങ്ങുന്ന ബാഗുമായി മണിക്കൂറുകളോളം ബസ്സില്‍ യാത്ര ചെയ്യുന്നതിന്റെ പരിക്കുകള്‍ വേറെ. ഭക്ഷണത്തില്‍ ഒരുതരത്തിലും നിയന്ത്രണങ്ങള്‍ ഇഷ്ടപ്പെടാത്ത രണ്ട് പേര്‍ക്കാകട്ടെ പ്രകടമായ ത്വക് രോഗവും. എല്ലാവരും പഠനത്തില്‍ നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് അവകാശപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്താണ് നിലവാരം എന്ന് അവര്‍ക്ക് അറിവില്ലായിരുന്നു എന്നതാണ് വാസ്തവം.

ആണ്‍കുട്ടികളും അദ്ധ്യാപകരും മെച്ചപ്പെട്ട ചിത്രമല്ല നല്‍കിയത്. എല്ലാവരും ഫിസിക്കല്‍ ആക്റ്റിവിറ്റിയില്‍ വളരെ പുറകിലാണ്. പഠനശേഷം അവരെ കാത്തിരിക്കുന്ന വര്‍ക് അറ്റ്മോസ്ഫിയറിനേക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ അവരെ സഹായിക്കുകയും അതിനുവേണ്ടി പരിശീലനം നേടേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുകയുമായിരുന്നു എന്റെ മുഖ്യ ദൌത്യം.

ഏകദേശം മൂന്ന് ബാച്ചുകളില്‍ ഉള്ളവര്‍ക്കായി നടത്തിയ ആരോഗ്യ നിര്‍ണ്ണയത്തില്‍ വൈകീട്ട് അഞ്ച് മണിവരെ ഞാന്‍ നിരാശയിലായിരുന്നു. ബോഡി കോമ്പൊസിഷന്‍ മോണിറ്ററിംഗ് പ്രകാരം, ആരോഗ്യമുള്ള ഒരു വിദ്യാര്‍ത്ഥിയേപ്പോലും കണ്ടെത്താന്‍ കഴിയാനാകാത്ത നിരാശ. അവസാനം അവന്‍ വന്നു, രാവിലെ മുതല്‍ ക്യാമ്പും സെമിനാറും ഓര്‍ഗനൈസ് ചെയ്യാന്‍ ഓടിനടന്നവരില്‍ അവനെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഉയരത്തിനു ആനുപാതികമായി തടിയും തൂക്കവും കൊഴുപ്പും മസിലുകളും ജലാംശവും എല്ലുകളുടെ ശേഷിയും എല്ലാം തികഞ്ഞ ചുണക്കുട്ടി. അവനാകട്ടെ ആ കോളേജിലെ ജനറല്‍ ക്യാപ്റ്റനായിരുന്നു!

Wednesday, March 30, 2011

കൊടുങ്ങല്ലൂരിലെ തെറിപ്പാട്ട്

വെല്‍നെസ് ബ്ലോഗില്‍ തെറിപ്പാട്ടിനെന്തു പ്രസക്തി എന്നാകും... നാഴികയ്ക്ക് നാല്പതുവട്ടം എസ്സിലും എഫ്ഫിലും തുടങ്ങുന്ന നോര്‍മല്‍ ആംഗലേയ തെറികള്‍ മുതലങ്ങോട്ട് പറയാന്‍ നമ്മില്‍ പലരും വെമ്പുന്നില്ലേ?

തെറി എനിക്കും ഇഷ്ടമാണ്, തെറിപ്പാട്ടും. കൊടുങ്ങല്ലൂര്‍ ഭരണിക്കാവില്‍ തെറിപ്പാട്ട് ആസ്വദിക്കുമ്പോള്‍ ഞാന്‍ അറിയാന്‍ ആഗ്രഹിച്ചിട്ടുള്ളത്, വൃത്തികെട്ട ഈ മനുഷ്യര്‍ ഇവരുടെ നാട്ടിലും വീടുകളിലും എങ്ങിനെയായിരിക്കും പെരുമാറുന്നത് എന്നാണ്. ഒരിക്കല്‍ അത് മനസ്സിലാക്കാന്‍ അവസരം ലഭിക്കുകയുണ്ടായി.

തീര്‍ത്തും നിഷ്കളങ്കമായ ഗ്രാമിണ അന്തരീക്ഷത്തില്‍ അല്ലലും പരാതികളും പരിഭവങ്ങളുമില്ലാതെ ശാന്തരായി ജീവിക്കുകയാണ് ഈ ഭക്തജനങ്ങളില്‍ ഭൂരിഭാഗവും. അവരുടെ കൂടെ താമസിച്ചതിലും ഭക്ഷണം കഴിച്ചതിലും അനുഭവിച്ച വൃത്തിയും സംതൃപ്തിയും ഇപ്പോഴും മനസ്സിലുണ്ട്.

കുടിച്ച് ലക്കില്ലാതെ വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയുകയല്ല സ്ത്രീകളടക്കമുള്ള ഭക്തര്‍ ചെയ്യുന്നത്. പറയണമെന്ന് ആഗ്രഹിച്ചാലും സദാചാരബോധം മൂലം പലരും ഉപയോഗിക്കാത്ത തീര്‍ത്തും നാടന്‍ പദങ്ങളും വാക്കുകളും താളാത്മകതയോടെ അവതരിപ്പിക്കുകയാണിവിടെ. മദ്യം അവരുടെ സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ മാറ്റുന്നു.

മനസ്സില്‍ അടിച്ചമര്‍ത്തപ്പെടുന്ന വികാരങ്ങള്‍ക്ക് അണക്കെട്ട് തുറന്നുവിടും പോലെ ഒരു അവസരം കിട്ടിയാല്‍ ആ കുത്തൊഴുക്കിന് ശേഷം അപാരമായ ഒരു ശാന്തത കൈവരില്ലേ? പരിമിതമായ ജീവിതസാഹചര്യങ്ങളിലുള്ള സ്ത്രീകള്‍ക്കും ഇത്തരം അവസരം ലഭിച്ചാലോ?

അനുവദനീയമായ ഒരു സാഹചര്യം വേണ്ടുംവണ്ണം ഉപയോഗിച്ച് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ശാന്തത അനുഭവിക്കുകയാവണം ഈ തീര്‍ത്ഥാടകര്‍ ലക്ഷ്യം വയ്ക്കുന്നത്. അങ്ങിനെയെങ്കില്‍ ‘’തലതന്നെ പോയാലും തെറിതന്നെ പറയേണം‘’. അതുകൊണ്ട് ദേവിക്കെന്നല്ല ആര്‍ക്കും ഒരു ചേതവും വരാനില്ല, വെല്‍നെസേ വരാനുള്ളൂ!!!

(കുറച്ചേ എഴുതുന്നുള്ളൂ, ഭരണിക്കാവിലേക്ക് പോകാന്‍ കാലമായി... ;)

Sunday, March 27, 2011

മൊബൈല്‍ മനുഷ്യന്‍

മനുഷ്യനെ മൊബൈല്‍ ഫോണിനോടുപമിച്ചിട്ടുണ്ടോ? അടുത്തിടെ ഒരു വെല്‍നെസ് സെമിനാറില്‍ ഞാനിത് വിജയകരമായി പരീക്ഷിക്കുകയുണ്ടായി. ചില പ്രപഞ്ചസത്യങ്ങള്‍ സ്മൂത്തായി വിശദീകരിക്കാനും സാധിച്ചു.

ഹാന്റ്
സെറ്റ്

ശരീരം

ബാറ്ററി/ഊര്‍ജ്ജം

വായു
ഭക്ഷണം വെള്ളം
വ്യായാമം വിശ്രമം

മെമ്മറി/പ്രൊസസര്‍

ബുദ്ധി
മനസ്സ്

കീപാഡ്
സ്ക്രീന്‍
ക്യാമറ സ്പീക്കര്‍
മൈക്ക് ബ്ലൂടൂത്ത്
വൈഫൈ

ഇന്ദ്രിയങ്ങള്‍

ഫയലുകള്‍
പ്രോഗ്രാമുകള്‍
ഓപ്പറേറ്റിംഗ്
സിസ്റ്റം

ചിന്തകള്‍

സിംകാര്‍ഡ്

ആത്മാവ്

സിംകാര്‍ഡിനെ ആത്മാവിനോട് ഉപമിച്ചപ്പോള്‍ സദസ്സില്‍ ചിരിപൊട്ടി, എനിക്ക് വട്ടാണ് എന്ന അര്‍ത്ഥത്തില്‍ തന്നെ. സാരമില്ല, പതിനായിരം രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ തരാമെന്നൊരാള്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക് വട്ടാണെന്ന് ഞാനും കരുതിയതല്ലേ. (ചൈനാപ്പിള്‍ ഐഫോണിന്റെ ഐമെയ്, ലീഗലി മാറ്റിയെഴുതിയിട്ടും സിം പിടിക്കുന്നില്ല, വിളി നടക്കുന്നില്ല. ബാക്കിയെല്ലാ പരിപാടികളും ഓക്കെ)

ആത്മാവില്ല എന്ന് വാദിക്കുന്നവരുണ്ട്. തെറ്റെന്ന് പറയാന്‍ ബുദ്ധിമുട്ടാകും. ഒരു വൈഫൈ മൊബൈലും ബ്രോഡ്ബാന്റ് കണക്ഷനുമുണ്ടെങ്കില്‍ സിം ഇല്ലാതെ, വലിയ പണച്ചെലവില്ലാതെ ഇന്റര്‍നാഷനല്‍ കോളുകള്‍ വിളിക്കാം എന്ന് തെളിയിച്ചവരല്ലേ ഗള്‍ഫ് മലയാളികള്‍ ‍. വലിയൊരു പരിധിവരെയുള്ള ജീവിതത്തിന് ആത്മാവ് വേണമെന്നില്ല. ഒരു സിം കാര്‍ഡും സ്വന്തമായൊരു നമ്പറും ഉണ്ടെന്നു കരുതി നെയ്യപ്പത്തില്‍ നെയ്യ് കൂടിപ്പോയെന്ന് പരിഭവിക്കേണ്ട കാര്യവുമില്ലല്ലോ. പരമമായ ടവറിലെ സെര്‍വറില്‍ നിന്ന് വല്ലപ്പോഴും ഒരു ഇന്‍‌കമിംഗ് ഉണ്ടായാലോ!

മൊബൈലില്‍ മെമ്മറിയുണ്ടെങ്കില്‍ പാട്ടും പടവും കയറ്റാം, ആസ്വദിക്കാം. ഓപ്പറേറ്റിംഗ് സിസ്റ്റം അനുസരിച്ച് ‘ആപ്സ് ’ തെരഞ്ഞെടുക്കാം. ബ്ലൂടൂത്തും വൈഫൈയും വഴി പലതും കൈമാറാം. ഒരുപാട് പേരുടെ നമ്പറുകളും എസ്സെമ്മസ്സും ശേഖരിച്ചു വയ്ക്കാം. മനസ്സില്‍ വൈറസ് ചിന്തകള്‍ കയറ്റാത്തിടത്തോളം ജീവിതസിസ്റ്റം ഹാങ്ങാകാതെ നോക്കാം.

എന്തൊക്കെയുണ്ടെങ്കിലും ബാറ്ററിയില്‍ ചാര്‍ജ്ജ് വേണം. ശരീരത്തില്‍ ഊര്‍ജ്ജമുണ്ടെങ്കിലേ അത് പ്രവര്‍ത്തിക്കൂ. വായുവും ഭക്ഷണവും വെള്ളവും വ്യായാമവും വിശ്രമവും യഥാവിധി കൊടുത്ത് ചാര്‍ജ്ജ് നിലനിര്‍ത്തണം. ഇതുകൂടിയായാല്‍ വെല്‍നെസ് ആയി.

പലരും ഓഫ് ലൈന്‍ കമ്യൂണിസം ഉപേക്ഷിച്ച് ഓണ്‍ ലൈന്‍ കമ്യൂണിറ്റിയിസത്തിലേക്ക് ചേക്കേറുന്ന കാലമാണ്. ഹാന്റ് സെറ്റ് ഏത് മോഡലായാലും, മെമ്മറി എത്രയായാലും, കണക്ഷന്‍ ഏതായാലും, മനുഷ്യന്‍ നന്നായാല്‍ മതി എന്നല്ലേ ഗുരു വചനം!

Friday, March 25, 2011

യോഗ യോഗ്യമോ?

ഹിമാലയസാനുവിലെ മഞ്ഞുപാളിയില്‍ ഒറ്റക്കാലില്‍ നിന്ന് തപസ്സുചെയ്യുന്ന നഗ്നരായ യോഗികളുണ്ടായിരിക്കാം. ഞാനാ ടൈപ്പല്ല. എന്റെയടുക്കല്‍ യോഗ പഠിക്കാന്‍ ഇതുവരെ വന്നവരും അത്തരം ആഗ്രഹങ്ങള്‍ ഉള്ളവരല്ല. സംഭവം അടിപൊളിയാണെന്നറിഞ്ഞ് വന്ന സ്വദേശികളും നമ്മേക്കാള്‍ ഈ വിഷയത്തില്‍ പരിജ്ഞാനത്തോടെ എത്തിയ വിദേശികളുമാണ് യോഗവിദ്യ ആര്‍ക്ക് എങ്ങിനെ എന്ന ഒരു ഏകദേശരൂപം ഗ്രഹിക്കാന്‍ എന്നെ സഹായിച്ചത്.

യോഗം എന്നതിന് കൂടിച്ചേരല്‍ എന്നാണ് പ്രഥമാര്‍ത്ഥം (ശബ്ദതാരാവലി). ശരീരവും മനസ്സും ആത്മാവും കൂടിച്ചേരുമ്പോള്‍ വെല്‍നെസ് സംഭവിക്കണമല്ലോ. എന്നാല്‍ അതിനു മുന്നോടിയായി മറ്റ് പലതും നമ്മുടെ പരിഗണനയിലുണ്ട്.

ശക്തി: കട്ടയുണ്ടാക്കല്‍ ജിംനേഷ്യത്തിലും ഇഷ്ടികക്കളത്തിലും മാത്രമല്ല, യോഗ സ്റ്റുഡിയോയിലും സംഭവിക്കും. ശരീരത്തിലെ എല്ലാ മസിലുകളേയും ശക്തിപ്പെടുത്താന്‍ സാധിക്കുന്ന വൈവിധ്യമേറിയ യോഗാസനങ്ങള്‍ നിലവിലുണ്ട്. നട്ടെല്ലിനെ സംരക്ഷിക്കുന്ന മസിലുകളെ ശക്തിപ്പെടുത്തുന്ന ആസനങ്ങള്‍ ശീലിക്കുന്നത് നടുവേദനയെ അകറ്റിനിര്‍ത്തും.

അയവ്: യൂട്യൂബിലെ യോഗാ‍ പടങ്ങളില്‍ വളഞ്ഞും പിരിഞ്ഞും തിരിഞ്ഞുമെല്ലാം കാട്ടിക്കൂട്ടുന്ന ആസനങ്ങള്‍ കാണാം. സൌമ്യമായ പരിശീലനം കൊണ്ട് നമ്മുടെ ശരീരത്തെ ശക്തിയോടൊപ്പം അയവും ഉള്ളതാക്കി മാറ്റാന്‍ യോഗാഭ്യാസത്തിലൂടെ കഴിയും. അനങ്ങാന്‍ വയ്യ, നീങ്ങാന്‍ വയ്യ എന്നെല്ലാം കഷ്ടപ്പെട്ട ഒരു ടണ്‍ ഒന്നര ടണ്‍ കേവുഭാരമുള്ള ശരീരങ്ങളെ വരെ 10 ദിവസം കൊണ്ട് സൂര്യനമസ്ക്കാരം ചെയ്യിപ്പിച്ച അഹങ്കാരമല്ലേ എനിക്കുള്ളത്.

സന്തുലനം: ബാലന്‍സ് തെറ്റിയാല്‍ പിടിവിട്ടുപോകും, ശരീരത്തിന്റെ മാത്രമല്ല, മനസ്സിന്റേയും. യോഗയിലൂടെ ശരീരവും മനസ്സും തമ്മില്‍ ശരിയായ സന്തുലനം സാധ്യമാക്കുന്നത് ജീവിതപ്രതിസന്ധികളില്‍ സ്വാഭാവികത പ്രദാനം ചെയ്യും. പ്രായമായവര്‍ക്ക് ഹാനികരമായേക്കാവുന്ന വീഴ്ചകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കും.

ഊര്‍ജ്ജം: ശരീരത്തിനും മനസ്സിനും ആവശ്യമായ ഊര്‍ജ്ജം യഥാസമയം ലഭ്യമാക്കുന്നതില്‍ സഹായിക്കാന്‍ യോഗാസനങ്ങള്‍ ഫലപ്രദമാണ്. ശ്വസനക്രമങ്ങളും വിശ്രമരീതികളും മുഖേന പ്രാണവായുവിന്റെ ഉപയോഗവും രക്തസഞ്ചാരവും ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു.

പിരിമുറുക്കം: പിരി ലൂസാകുന്നതിനു മുന്നോടിയാണ് പിരിമുറുക്കമെങ്കില്‍ യോഗ ചെയ്യുക. ശ്വസിക്കുമ്പോള്‍ ശ്വാസത്തെ അനുഗമിക്കുന്നതിലൂടെ ശ്രദ്ധ വര്‍ദ്ധിപ്പിക്കാനും നാശകരമായ ചിന്തകള്‍ മനസ്സില്‍ നിന്ന് ദൂരെയകറ്റാനും സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടല്ലോ.

ഗുണം: പ്രായവും ലിംഗഭേദവും യോഗയുടെ ഗുണങ്ങള്‍ കരസ്ഥമാക്കുന്നതില്‍ തടസമല്ല. കുട്ടികളും മുതിര്‍ന്നവരും കായികതാരങ്ങളും ഗര്‍ഭിണികളും വരെ യോഗയുടെ ഫലങ്ങള്‍ അനുഭവിക്കുന്നവരായുണ്ട്. ആത്മീയ ഭാവമോ ശാരീരിക മാനമോ മാനസിക ഐക്യമോ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. വെല്‍നെസ് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ വ്യത്യസ്ഥരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും, അവരവര്‍ക്ക് യോജിക്കുന്ന രീതികളാണ് ഞാന്‍ നിര്‍ദ്ദേശിക്കാറുള്ളത്.

വളരെ നല്ല പുസ്തകങ്ങളും വീഡിയോകളും നെറ്ററിവുകളും യോഗ എന്ന വിഷയത്തില്‍ ലഭ്യമാണ്. എന്നിരുന്നാലും ഒരു നല്ല പരിശീലകന്റെ കീഴില്‍ മാത്രം യോഗ പരിശീലിച്ച് തുടങ്ങുക എന്നത് മുന്നറിയിപ്പായി നല്‍കാനുണ്ട്. ഞങ്ങള്‍ക്ക് പണി വേണം എന്ന ആഗ്രഹമല്ല, നിങ്ങള്‍ക്ക് ‘പണി കിട്ടരുത് ’ എന്ന കരുതല്‍ ആണ് ഈ മുന്നറിയിപ്പ്.

Thursday, March 24, 2011

വെല്‍നെസ് എന്ന്വച്ചാ‍...

നമ്മുടെ കീശയിലെ പണം പലപ്പോഴും നമ്മളറിയാതെ മറ്റൊരിടത്ത് എത്തിച്ചേരുന്നതില്‍ വെല്‍നെസ് എന്ന വാക്കിനും പങ്ക് ഏറിക്കൊണ്ടിരിക്കുകയാണ്. സ്ഥാനത്തും അസ്ഥാനത്തും വെല്‍നെസ് വച്ച് കാച്ചുന്നതില്‍ ദൃശ്യമാധ്യമങ്ങളിലെ ആരോഗ്യപരിപാടികളും ആരോഗ്യമാസികകളും ആരോഗ്യം വില്‍ക്കുന്ന കേന്ദ്രങ്ങളും നെറ്റ്വര്‍ക് മാര്‍ക്കറ്റിംഗ് കമ്പനികളും അടക്കമുള്ളവര്‍ മത്സരത്തിലാണ്.

ഇല്‍നെസ് എന്നതിന്റെ വിപരീതമാണ് വെല്‍നെസ് എന്ന് പറയുന്നത്, രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് പറയുന്നത്ര ബാലിശമാണ്. നമ്മള്‍ ആരോഗ്യമുള്ള വ്യക്തികളാണോ എന്നത് രോഗത്തെ ആശ്രയിച്ചല്ലല്ലോ നിര്‍ണ്ണയിക്കപ്പെടേണ്ടത്.

കൃത്യമായ ഒരു അര്‍ത്ഥ തലം വെല്‍നെസ് എന്ന വാക്കിന് കല്‍പ്പിച്ചു നല്‍കിയിരിക്കുന്നതായി കണ്ടെത്താന്‍ എനിക്ക് സാധിച്ചിട്ടില്ല. വിശാലമായൊരു കാഴ്ചപ്പാടാണ് പലരും പുലര്‍ത്തിപ്പോരുന്നത്.

സൌഖ്യം എന്ന വാക്ക് വെല്‍നെസിനു സമാനമായ മലയാള പദമായി ഉപയോഗിച്ചു വരുന്നുണ്ട്. അവിടെയും വ്യക്തമായ ഒരു അര്‍ത്ഥം ഗ്രഹിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നു.

സ്വദേശത്തും വിദേശത്തുമായി നിരവധി വ്യക്തികളുടേയും കുടുംബങ്ങളുടേയും ആരോഗ്യജീവിതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടയ്ക്ക് വെല്‍നെസ് എന്നത് കൃത്യമായി വിശദീകരിക്കുന്നതിന് ഞാന്‍ ബാധ്യസ്ഥനായിട്ടുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ എന്നെ പ്രേരിപ്പിച്ചതും ഈ ഉത്തരവാദിത്വമാണ്.

മാറിമാറി വരുന്ന ജീവിതശൈലികളില്‍ നിന്നും നമ്മള്‍ ഏത് തെരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചാണല്ലോ നമ്മുടെ ആരോഗ്യവും സൌഖ്യവും നിലനില്‍ക്കുന്നത്. ആയുസ്സിന്റെ കാര്യത്തില്‍ നമ്മളില്‍ ഭൂരിഭാഗവും പരമമായതിനെ ആശ്രയിക്കുകയും ചെയ്യുന്നു. ആയുസ്സുള്ളിടത്തോളം കാലം ആരോഗ്യത്തോടും സൌഖ്യത്തോടും ജീവിക്കുവാന്‍ ആരാണ് ആഗ്രഹിക്കാത്തത്.

ഒരുവന്റെ കാറ്റുപോയി എന്നു കേട്ടാല്‍ അവന്റെ ശരീരവും മനസ്സും നിലച്ച് ആത്മാവ് വിട്ടുപിരിഞ്ഞു എന്നല്ലേ അര്‍ത്ഥമാക്കേണ്ടത്. അങ്ങിനെയെങ്കില്‍ ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സും തദ്വാരാ ആത്മാവും കുടികൊള്ളുന്നു എന്നും ഗ്രഹിക്കാമല്ലോ.

ശരീരവും മനസ്സും ആത്മാവും തമ്മില്‍ താദാത്മ്യം ഉള്ളിടത്ത് സൌഖ്യം അഥവാ വെല്‍നെസ് ഉണ്ടായിരിക്കും എന്നാണ് അനുഭവങ്ങള്‍ എന്നെ പഠിപ്പിക്കുന്നത്. ഈ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വിലയേറിയ ജീവിതത്തില്‍ നിന്നും എനിക്കും വെളിച്ചം കിട്ടാതിരിക്കില്ല എന്ന്‍ പ്രതീക്ഷ.

ആയുരാരോഗ്യസൌഖ്യം നേര്‍ന്നുകൊള്ളുന്നു...