Sunday, May 29, 2016

അവൾ ആ ടൈപ്പല്ല

പ്രമേഹമാണവൾക്ക്; 15 വയസ് മാത്രം പ്രായം, പത്താം ക്ലാസിൽ പഠനം. ഇത്തരക്കാരിൽ സാധാരണ കണ്ടു വരുന്നത് ടൈപ്പ് വൺ ഡയബറ്റിസ് ആണ്. നിരവധി വിദഗ്ദ ഡോക്ടർമാരുടെ പരിശോധനയിൽ വിധി വന്നു - അവൾ ടൈപ്പ് റ്റു ആണ്.

മരുന്നും ഇൻസുലിനും അടങ്ങിയ ചികിത്സ ചെയ്യുന്നുണ്ട്. എന്നാലും ഷുഗർ ലെവൽ പലപ്പോഴും നിയന്ത്രണാതീതമായി തുടരുന്നു. അതിന് കൃത്യമായ കാരണമോ പാറ്റേണോ കണ്ടു പിടിക്കാൻ സാധിക്കുന്നുമില്ല.

യോഗ-പ്രകൃതിചികിത്സയിലൂടെ എന്തെങ്കിലും ഉപകാരം അവൾക്കുണ്ടാകുമോ എന്നറിയാനാണ് മാതാപിതാക്കൾ എന്നെ സമീപിച്ചത്. വല്ലാത്ത നിരാശയിലും ആശങ്കയിലും ആയിരുന്നു അവൾ. "മോളേ, നിനക്ക് പ്രേമമാണോ പ്രമേഹമാണോ?"  എന്ന ചോദ്യത്തിലൂടെ മഞ്ഞുരുകി.

പിന്നീട്, സ്ഥിരമായ യോഗ പരിശീലനത്തിലൂടെയും  പ്രകൃതി ചികിത്സാവിധികളിലൂടെയും ഞങ്ങളുടെ ചികിത്സാലയത്തിലെ സഹപ്രവർത്തകരുടെ സാന്ത്വന പരിചരണത്തിലൂടെയും അവൾ മുന്നേറി. അനുദിന രക്ത പരിശോധനയിലുടെ അവൾ സ്വയം ഇൻസുലിൻ ക്രമീകരിച്ചു.

പത്താം ക്ലാസ് പരീക്ഷ അടുത്തതോടെ കാര്യങ്ങൾ വീണ്ടും അവതാളത്തിലായി. കൂടുതൽ കൗൺസലിംഗ് സെഷനുകളിലൂടെയും മാതാപിതാക്കളു ടേയും അദ്ധ്യാപകരുടേയും സഹകരണത്തോടെയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു.

ഇത്ര ചെറുപ്പത്തിലേ താനൊരു പ്രമേഹരോഗിയാണെന്ന് മറ്റുള്ളവർ അറിഞ്ഞാലോ എന്ന  വിഷമം, ജീവിതത്തിൽ മുന്നേറാൻ സാധിക്കുമോ എന്ന ആശങ്ക, കുടുംബാംഗങ്ങൾക്കിടയിലെ സ്വരച്ചേർച്ചയില്ലായ്മ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ അവളെ അലട്ടിയിരുന്നു. ഒടുവിലായി പത്താം ക്ലാസ് പരീക്ഷയും.

ഇന്നലെ സീബീയെസ്സീ റിസൾട്ട് വന്നു. 94 % മാർക്കോടു കൂടി അവൾ വിജയിച്ചിരിക്കുന്നു. പ്രമേഹം ടൈപ്പ് ഏതും ആകട്ടെ, അവളിപ്പോൾ തോൽക്കുന്ന ടൈപ്പല്ല. അവളുടേയും കുടുംബത്തിന്റേയും സ്കൂളിന്റേയും സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു.


Sunday, May 15, 2016

കരളിന്റെ ലിവറേ

അച്ചായന് ചൊറിച്ചിലാണ്. ദേഹമാസകലം അസഹനീയമായ ചൊറിച്ചിൽ. എല്ലാ ചികിത്സകളും ചെയ്ത് ഫലമില്ലാതെ വന്നപ്പോളാണ് പ്രകൃതിചികിത്സ പരീക്ഷിക്കാൻ വന്നത്.

ചികിത്സ തുടങ്ങി. പ്രതീക്ഷിച്ച ഫലം കാണുന്നുണ്ട്. എന്നാലും എന്റെ ഉള്ളിൽ ആശങ്ക ബാക്കി. മറ്റെല്ലാ ചികിത്സകളും ഫലം കാണിച്ചിരുന്നു, അല്പകാലം. അതിനർത്ഥം ലക്ഷണം ( ചൊറിച്ചിൽ ) മാത്രമേ ചികിത്സിക്കപ്പെട്ടിട്ടുള്ളൂ എന്നല്ലേ?

ജീവിത ശൈലി വിശകലനത്തിൽ കരളിനെ ബാധിക്കുന്നതോ ചൊറിച്ചിലിലേക്ക് നയിക്കുന്നതോ ആയ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. വിട്ടുകൊടുക്കാൻ ഞാൻ തീരുമാനിച്ചുമില്ല.

അച്ചായൻ ആശുപത്രയിലായിരിക്കേ അദ്ദേഹത്തിന്റെ നാട്ടിൽ പോകാൻ എനിക്കൊരവസരം ലഭിച്ചു. അദ്ദേഹത്തേക്കുറിച്ച് അന്വേഷിച്ച കൂട്ടത്തിൽ ഒരാൾ ആ ഇരട്ടപ്പേര് പറഞ്ഞു: ലിവറച്ചായൻ. ഞായറാഴ്ച പള്ളിയിൽ നിന്നിറങ്ങിയാൽ നേരെ പോകുന്നത് ഇറച്ചിക്കടയിലേക്ക്. അന്നറുത്ത മാടിന്റെ ലിവർ മുഴുവൻ അച്ചായൻ വാങ്ങിയിരിക്കും! ആഴ്ചയിൽ ഒരിക്കലേ ഇറച്ചി വാങ്ങറുള്ളൂ എന്ന് അച്ചായൻ ആണയിട്ട് പറഞ്ഞത് തിരിച്ചുള്ള യാത്രയിൽ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ആശുപത്രിയിലെ സൗഹൃദ സംഭാഷണത്തിനിടയ്ക്ക് വിഷയത്തിന് വ്യക്തത ലഭിച്ചു. ഒരാഴ്ച സമയമെടുത്ത് അച്ചായൻ ഒറ്റയ്ക്കാണ് അത്രയും ലിവർ തിന്നുതീർത്തിരുന്നതത്രേ! സംഭാഷണത്തിൽ പങ്കെടുത്തിരുന്നവരിൽ കശാപ്പുകാരൻ ഇക്കയും ഉണ്ടായിരുന്നു ( അദ്ദേഹത്തിന്റെ കഥ പിന്നീട് ). അദ്ദേഹം ഒരു ആശങ്ക എന്നോട് പങ്കുവച്ചു. ചിലർ മാടിനെ അറക്കുന്നതിനു മുൻപ് തുരിശ് കലക്കിയ വെള്ളം കൊടുക്കാറുണ്ട്. രക്തം കട്ടിയായി തൂക്കം കൂടുതൽ ലഭിക്കാനാണത്രേ അത്! ഈ മാംസം ഭക്ഷിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലേ എന്നാണ് ഇക്കയുടെ സംശയം.

ചികിത്സയ്ക്കിടയിൽ കൃത്യമായി നൽകി വരാറുള്ള ആരോഗ്യ ക്ലാസുകളുടെ ഫലം അപ്പോൾ ഞാൻ അനുഭവിച്ചറിഞ്ഞു. ഇക്കയുടെ സംശയത്തിലൂടെ എന്റെ മുന്നിലുള്ള പ്രശ്നം സംശയാതീതമായി തെളിയിക്കപ്പെടുകയായിരുന്നു അന്ന്.

മാട് കുടിക്കുന്ന തുരിശും മറ്റ് വിഷാംശങ്ങളും ഒരു പരിധി വരെ ശുദ്ധീകരിക്കാൻ അവയുടെ കരളിന് സാധിക്കും.എന്നാൽ കരളിൽ ഈ ശുദ്ധീകരണ പ്രക്രിയ നടക്കുന്നതിനിടയിൽ മാട് കൊല്ലപ്പെടുന്നു. വിഷം കരളിൽ കെട്ടിക്കിടക്കുന്നു. ലിവറച്ചായൻ ആ കരൾ മൊത്തമായി വാങ്ങി വീട്ടിൽ കൊണ്ടുപോയി ആഴ്ച മുഴുവൻ ചൂടാക്കി അടിക്കുന്നു. അത് അച്ചായന്റെ കരളിനെ ബാധിക്കുന്നു. ചൊറിയാതിരിക്കാൻ ഇനി എവിടെ പോകണം!

അച്ചായന്റെ ചൊറിച്ചിലിന് ശമനം വരുത്താൻ എന്നെ സഹായിച്ച ആ ഇരട്ടപ്പേര് വിളിച്ച നാട്ടുകാരനേയും തുരിശാശങ്ക പങ്കുവച്ച അറവുകാരൻ ഇക്കയേയും നന്ദിയോടെ സ്മരിക്കുന്നു.

Thursday, February 4, 2016

വൈറസും വാറുണ്ണിയും

സിക വൈറസിനെതിരെ ജാഗ്രത പുലർത്തുകയാണ് ലോകം. കൊതുകിനെ നശിപ്പിക്കുവാൻ ചിരട്ട കമഴ്ത്തുക എന്നപോലെ തലയുള്ള കുട്ടിയുണ്ടാവാൻ ഉരുളി കമഴ്ത്തുക (ബസപ്പെടരുത്) എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. വാറുണ്ണി പുലിയെ പിടിക്കാൻ പോയ പോലെ ആകുമോ കാര്യങ്ങൾ?

ലോഹിതദാസ് തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത് 1989 ൽ പ്രദർശനത്തിനെത്തിയ മമ്മുട്ടി ചിത്രമാണ് 'മൃഗയ'. പുലിയെ പിടിക്കാൻ എത്തുന്ന വേട്ടക്കാരൻ വാറുണ്ണിയുടെ സന്തത സഹചാരിയാണ് കൈസർ എന്ന നായ. സിനിമയുടെ നിർണ്ണായക ഘട്ടത്തിൽ വാറുണ്ണി കൈസറിനെ വെടിവെച്ച് കൊല്ലുന്നു. പട്ടിക്ക് പേ പിടിച്ചു എന്ന നാട്ടുകാരുടെ ആക്രോശത്തിനൊടുവിൽ!

സിക വൈറസിനും (ഡെങ്കിക്കും) നിലവിൽ ഫലപ്രദമായ മരുന്നോ പ്രതിരോധ മാർഗ്ഗങ്ങളോ ഇല്ല. ലക്ഷണങ്ങളെ ചികിത്സിക്കുകയാണ് ഇപ്പോൾ ചെയ്തു വരുന്നത്. പനി അതിൽ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്.

പുരയ്ക്കു മുകളിൽ പുലി ഇരിക്കുന്നത് കണ്ട കൈസർ അക്കാര്യം യജമാനൻ വാറുണ്ണിയെ അറിയിക്കാനാണ് നിർത്താതെ കുരച്ചു കൊണ്ടിരുന്നത്. എന്നാൽ കുഞ്ഞച്ചന്റെ (ഭീമൻ രഘു) പേവിഷം ബാധിച്ചുള്ള ദാരുണ മരണം ആൾക്കൂട്ടത്തെ വിഭ്രാന്തിയിൽ ആഴ്ത്തുകയും അവർ കൈസറിനെ പേപ്പട്ടി ആക്കുകയും ചെയ്തു. പേപ്പട്ടിയെ കല്ലെറിഞ്ഞ് കൊല്ലുക എന്നതാണല്ലോ നാട്ടുനടപ്പ്. മാനസികമായി തകർന്നിരുന്നു എങ്കിലും അതനുവദിക്കാതെ വെടിവെച്ച് കൊണ്ട് വാറുണ്ണി കൈസറിന് വീരമൃത്യു നൽകി!

പനിക്ക് വീരമൃത്യു നൽകുവാൻ തിരക്ക് കൂട്ടുന്നവർ മൂന്ന് ദിവസമെങ്കിലും കാത്തിരിക്കുന്നത് നന്നായിരിക്കും.
ശരീരത്തിന്റെ മികച്ച ഒരു പ്രതിരോധ പ്രവർത്തനമാണ് പനി. വൈറസാണോ ബാക്ടീരിയയാണോ സികയോ ഡെങ്കിയോ ആണോ എന്നെല്ലാം തിരിച്ചറിയുന്നതിനു മുന്നേ തന്നെ പനി ആരംഭിക്കാം. 102 ഡിഗ്രി വരെ പനിക്കാൻ അനുവദിക്കുക, അതിനായി തെർമോ മീറ്റർ കരുതുക. വെള്ളം, കരിക്കിൻ വെള്ളം, നേർപ്പിച്ച പഴച്ചാറുകൾ എന്നിവ നന്നായി കുടിക്കുക. ഭക്ഷണം ഒഴിവാക്കുന്നതാണ് നന്ന്. നെറ്റിയിൽ തുണി നനച്ചിടാവുന്നതാണ്. അത് ഉണങ്ങുമ്പോൾ വീണ്ടും നനച്ചിടാൻ എന്നെ ഫോണിൽ വിളിച്ച് ചോദിക്കാതിരിക്കുക!

ശരീരത്തിന്റെ പ്രവർത്തനം കൃത്യമായ പ്രകൃതി നിയമങ്ങൾക്ക് വിധേയമാണ്. അത് നിരീക്ഷിക്കുക. പ്രശ്നങ്ങളും പ്രതിസന്ധികളും (പനിയും) നിയന്ത്രണ വിധേയമാകുന്നില്ലെങ്കിൽ വിദഗ്ദ സഹായമോ ചികിത്സയോ തേടുക. പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന ആൾക്കൂട്ടത്തിന്റെ വിഭ്രാന്തിക്ക് അടിമപ്പെടാതിരിക്കുക.

* ഈ സൂചനകൾ ആരോഗ്യമുള്ള വ്യക്തികൾക്ക് മാത്രം ബാധകം, ശരീരത്തിന്റെ പ്രതിരോധശേഷിക്ക് കുറവോ നഷ്ടമോ സംഭവിച്ചിട്ടുള്ളവർക്കല്ല.

Thursday, January 28, 2016

വീടൊരു പേ വാർഡ്

"വീട്ടിലേക്ക് കയറാൻ തോന്നുന്നില്ല ഡോക്ടറേ...
ഒരു മുറിയിൽ അമ്മ, അടുത്ത മുറിയിൽ ഭാര്യ. എപ്പോഴും കിടപ്പ് തന്നെ കിടപ്പ്. കാണാത്ത ഡോക്ടർമാരില്ല, ചെയ്യാത്ത ചികിത്സകളില്ല."

"എന്താണവർക്ക് അസുഖം?''

"അതാണ് മനസിലാകാത്തത്. എപ്പോഴും ക്ഷീണം, തളർച്ച, വയ്യാ വയ്യാ എന്നുള്ള പറച്ചിൽ."

പ്രത്യക്ഷത്തിൽ തന്നെ മനോശാരീരിക (psychosomatic) രോഗാവസ്ഥയിലാണ് രണ്ട് പേരും എന്ന അനുമാനമാണ് ഞാൻ സ്വീകരിച്ചത്. ഓരോരുത്തരേയും മാറി മാറി വിശകലനം ചെയ്തതിൽ നിന്ന് അസ്വസ്ഥത ഉളവാക്കുന്ന ആ സത്യം വെളിവായി.

ഭാര്യ രണ്ടാമത് ഗർഭിണിയായിരിക്കുമ്പോഴാണ് ഭർത്താവ് മറ്റൊരു പെണ്ണുമായി ബന്ധം തുടങ്ങിയത്. ഇതറിഞ്ഞ അമ്മ മരുമകളോടുള്ള മുൻവൈരാഗ്യം തീർക്കാനായി ആ ബന്ധത്തെ പരമാവധി പ്രോത്സാഹിപ്പിച്ചു. ഒടുവിൽ എട്ടിന്റെ പണി കൊടുത്ത് പെണ്ണ് മുങ്ങി.

ചതിയുടെ, വഞ്ചനയുടെ, കുറ്റബോധത്തിന്റെ ഇരയായ മൂന്ന് ജീവിതങ്ങൾ. ഇവർക്കിടയിൽ ഇതൊന്നുമറിയാത്ത കുട്ടികൾ!

മനസിന്റെ പ്രതിസന്ധികൾ ശാരീരിക രോഗാവസ്ഥയിലേക്ക് മാറിയപ്പോൾ ചികിത്സ വഴി തെറ്റുകയായിരുന്നു. മൂലകാരണം കണ്ടെത്താനായതോടെ മൂന്ന് പേരെയും പരസ്പരം ഉൾക്കൊള്ളാനും ക്ഷമിക്കാനും സഹകരിക്കാനും ഉള്ള മാനസികാവസ്ഥയിലേക്ക് എത്തിക്കാൻ കഴിഞ്ഞു.

പത്ത് വർഷമായി രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന അമ്മയുടേയും മരുമകളുടേയും ശാരീരിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള ചികിത്സകൾ വിജയത്തിലേക്ക് നീങ്ങുന്നു. ആ വീട്ടിലെ കുട്ടികളുടെ സന്തോഷം ആഹ്ലാദവും ഉന്മേഷവും പകരുന്നു.

Sunday, January 10, 2016

പ്രഷറും ഷുഗറും മാറ്റാൻ മരുന്നില്ല!

ങ്ഹേ???
അപ്പോ, ഈ കാണുന്ന ജനമെല്ലാം തിന്നു കൂട്ടുന്നത് എന്തിനുള്ള മരുന്നാ?

The Drugs and Cosmetics Act 1940, Rule 106 പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 51 രോഗങ്ങളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. എയ്ഡ്സ് (#1) മുതൽ വെരിക്കോസ് വെയ്ൻ (#51) വരെ നീളുന്നതാണ് Schedule J എന്നറിയപ്പെടുന്ന ഈ പട്ടിക. കഷണ്ടിയും (#5) തിമിരവും (#9) ബധിരതയും (#13) അടങ്ങുന്ന ഈ പട്ടികയിൽ എടുത്തു പറയേണ്ടവയാണ് പ്രഷറും (#25) പ്രമേഹവും (#14). ഈ രോഗങ്ങളെ മരുന്നു കൊണ്ട് സുഖപ്പെടുത്തും എന്നോ സുഖപ്പെടുത്തിയിട്ടുണ്ട് എന്നോ ഈ 51 രോഗങ്ങളെ മരുന്നുപയോഗിച്ച് തടയും എന്നോ അവകാശപ്പെടാൻ പാടില്ല എന്ന് Rule 106 അനുശാസിക്കുന്നു. നീതിന്യായ വ്യവസ്ഥയെ അംഗീകരിക്കുന്ന ഒരു ഡോക്ടറും ഒരു മരുന്നു കച്ചവടക്കാരനും ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കാറില്ല. മരുന്ന് കഴിച്ചാൽ പ്രഷറും ഷുഗറും മാറുമെന്ന് ആളുകൾ കരുതുന്നത് തെറ്റിദ്ധാരണ മൂലമാണ്. സുര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു എന്ന് കരുതുന്നതു പോലെ!

സൂര്യന് ചുറ്റും വലം വെക്കുന്ന ഭൂമി സാങ്കൽപ്പിക അച്ചുതണ്ടിൽ തിരിയുക കൂടി ചെയ്യുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന പ്രതിഭാസം മാത്രമാണ് ഉദയാസ്തമയങ്ങൾ. സൂര്യൻ ഉദിക്കുന്നുമില്ല, അസ്തമിക്കുന്നുമില്ല. മരുന്നു കൊണ്ട് പ്രഷറും ഷുഗറും മാറുകയുമില്ല.

എന്നാൽ ജീവിത ശൈലീ രോഗങ്ങളായ പ്രഷറും ഷുഗറും നിയന്ത്രിക്കുന്നതിൽ സഹായിക്കാൻ മരുന്നുകൾക്ക് സാധിച്ചേക്കും. മരുന്നിനോടൊപ്പം ജീവിത ശൈലിയിലും മാറ്റങ്ങൾ വരുത്തണമെന്ന് മാത്രം.