Friday, March 25, 2011

യോഗ യോഗ്യമോ?

ഹിമാലയസാനുവിലെ മഞ്ഞുപാളിയില്‍ ഒറ്റക്കാലില്‍ നിന്ന് തപസ്സുചെയ്യുന്ന നഗ്നരായ യോഗികളുണ്ടായിരിക്കാം. ഞാനാ ടൈപ്പല്ല. എന്റെയടുക്കല്‍ യോഗ പഠിക്കാന്‍ ഇതുവരെ വന്നവരും അത്തരം ആഗ്രഹങ്ങള്‍ ഉള്ളവരല്ല. സംഭവം അടിപൊളിയാണെന്നറിഞ്ഞ് വന്ന സ്വദേശികളും നമ്മേക്കാള്‍ ഈ വിഷയത്തില്‍ പരിജ്ഞാനത്തോടെ എത്തിയ വിദേശികളുമാണ് യോഗവിദ്യ ആര്‍ക്ക് എങ്ങിനെ എന്ന ഒരു ഏകദേശരൂപം ഗ്രഹിക്കാന്‍ എന്നെ സഹായിച്ചത്.

യോഗം എന്നതിന് കൂടിച്ചേരല്‍ എന്നാണ് പ്രഥമാര്‍ത്ഥം (ശബ്ദതാരാവലി). ശരീരവും മനസ്സും ആത്മാവും കൂടിച്ചേരുമ്പോള്‍ വെല്‍നെസ് സംഭവിക്കണമല്ലോ. എന്നാല്‍ അതിനു മുന്നോടിയായി മറ്റ് പലതും നമ്മുടെ പരിഗണനയിലുണ്ട്.

ശക്തി: കട്ടയുണ്ടാക്കല്‍ ജിംനേഷ്യത്തിലും ഇഷ്ടികക്കളത്തിലും മാത്രമല്ല, യോഗ സ്റ്റുഡിയോയിലും സംഭവിക്കും. ശരീരത്തിലെ എല്ലാ മസിലുകളേയും ശക്തിപ്പെടുത്താന്‍ സാധിക്കുന്ന വൈവിധ്യമേറിയ യോഗാസനങ്ങള്‍ നിലവിലുണ്ട്. നട്ടെല്ലിനെ സംരക്ഷിക്കുന്ന മസിലുകളെ ശക്തിപ്പെടുത്തുന്ന ആസനങ്ങള്‍ ശീലിക്കുന്നത് നടുവേദനയെ അകറ്റിനിര്‍ത്തും.

അയവ്: യൂട്യൂബിലെ യോഗാ‍ പടങ്ങളില്‍ വളഞ്ഞും പിരിഞ്ഞും തിരിഞ്ഞുമെല്ലാം കാട്ടിക്കൂട്ടുന്ന ആസനങ്ങള്‍ കാണാം. സൌമ്യമായ പരിശീലനം കൊണ്ട് നമ്മുടെ ശരീരത്തെ ശക്തിയോടൊപ്പം അയവും ഉള്ളതാക്കി മാറ്റാന്‍ യോഗാഭ്യാസത്തിലൂടെ കഴിയും. അനങ്ങാന്‍ വയ്യ, നീങ്ങാന്‍ വയ്യ എന്നെല്ലാം കഷ്ടപ്പെട്ട ഒരു ടണ്‍ ഒന്നര ടണ്‍ കേവുഭാരമുള്ള ശരീരങ്ങളെ വരെ 10 ദിവസം കൊണ്ട് സൂര്യനമസ്ക്കാരം ചെയ്യിപ്പിച്ച അഹങ്കാരമല്ലേ എനിക്കുള്ളത്.

സന്തുലനം: ബാലന്‍സ് തെറ്റിയാല്‍ പിടിവിട്ടുപോകും, ശരീരത്തിന്റെ മാത്രമല്ല, മനസ്സിന്റേയും. യോഗയിലൂടെ ശരീരവും മനസ്സും തമ്മില്‍ ശരിയായ സന്തുലനം സാധ്യമാക്കുന്നത് ജീവിതപ്രതിസന്ധികളില്‍ സ്വാഭാവികത പ്രദാനം ചെയ്യും. പ്രായമായവര്‍ക്ക് ഹാനികരമായേക്കാവുന്ന വീഴ്ചകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കും.

ഊര്‍ജ്ജം: ശരീരത്തിനും മനസ്സിനും ആവശ്യമായ ഊര്‍ജ്ജം യഥാസമയം ലഭ്യമാക്കുന്നതില്‍ സഹായിക്കാന്‍ യോഗാസനങ്ങള്‍ ഫലപ്രദമാണ്. ശ്വസനക്രമങ്ങളും വിശ്രമരീതികളും മുഖേന പ്രാണവായുവിന്റെ ഉപയോഗവും രക്തസഞ്ചാരവും ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു.

പിരിമുറുക്കം: പിരി ലൂസാകുന്നതിനു മുന്നോടിയാണ് പിരിമുറുക്കമെങ്കില്‍ യോഗ ചെയ്യുക. ശ്വസിക്കുമ്പോള്‍ ശ്വാസത്തെ അനുഗമിക്കുന്നതിലൂടെ ശ്രദ്ധ വര്‍ദ്ധിപ്പിക്കാനും നാശകരമായ ചിന്തകള്‍ മനസ്സില്‍ നിന്ന് ദൂരെയകറ്റാനും സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടല്ലോ.

ഗുണം: പ്രായവും ലിംഗഭേദവും യോഗയുടെ ഗുണങ്ങള്‍ കരസ്ഥമാക്കുന്നതില്‍ തടസമല്ല. കുട്ടികളും മുതിര്‍ന്നവരും കായികതാരങ്ങളും ഗര്‍ഭിണികളും വരെ യോഗയുടെ ഫലങ്ങള്‍ അനുഭവിക്കുന്നവരായുണ്ട്. ആത്മീയ ഭാവമോ ശാരീരിക മാനമോ മാനസിക ഐക്യമോ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. വെല്‍നെസ് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ വ്യത്യസ്ഥരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും, അവരവര്‍ക്ക് യോജിക്കുന്ന രീതികളാണ് ഞാന്‍ നിര്‍ദ്ദേശിക്കാറുള്ളത്.

വളരെ നല്ല പുസ്തകങ്ങളും വീഡിയോകളും നെറ്ററിവുകളും യോഗ എന്ന വിഷയത്തില്‍ ലഭ്യമാണ്. എന്നിരുന്നാലും ഒരു നല്ല പരിശീലകന്റെ കീഴില്‍ മാത്രം യോഗ പരിശീലിച്ച് തുടങ്ങുക എന്നത് മുന്നറിയിപ്പായി നല്‍കാനുണ്ട്. ഞങ്ങള്‍ക്ക് പണി വേണം എന്ന ആഗ്രഹമല്ല, നിങ്ങള്‍ക്ക് ‘പണി കിട്ടരുത് ’ എന്ന കരുതല്‍ ആണ് ഈ മുന്നറിയിപ്പ്.

No comments:

Post a Comment

പോസ്റ്റ് ചെയ്തിരിക്കുന്ന വിഷയത്തേക്കുറിച്ചു മാത്രം കമന്റ് ചെയ്യാന്‍ താല്പര്യപ്പെടുന്നു. മറ്റു വിഷയങ്ങള്‍ക്ക് ദയവായി ഈമെയില്‍ ചെയ്യുക.