Friday, March 24, 2017

മുട്ടിയും പലകയും

കൈപ്പലകയ്ക്ക് മാറാത്ത വേദനയുമായാണ് അബൂക്ക വന്നത്. കശാപ്പുകാരനെങ്കിലും സഹൃദയൻ. ലിവറച്ചായന്റെ ചികിത്സയ്ക്കു ശേഷം രോഗികളുടെ ജീവിത സാഹചര്യങ്ങൾ ആഴത്തിൽ പഠിക്കുക എന്നത് ഞാൻ ശീലിച്ചു തുടങ്ങി. അതിന്റെ ഭാഗമായാണ് അബൂക്കയുടെ വീടും തൊഴിലിടവും കാണാനിറങ്ങിയത്. മൂരി ബിരിയാണി എന്ന വാഗ്ദാനവും പ്രചോദനമായി.


ഇറച്ചിപ്പുരയിലെ സന്ദർശനത്തിൽ നിന്ന് അബൂക്കയുടെ രോഗകാരണങ്ങൾ കണ്ടെത്തി. തന്റേതല്ലാത്ത കാരണത്താൽ ഏറ്റെടുക്കേണ്ടി വന്ന ഇറച്ചിവെട്ട് ആദ്യ കാരണം. പണിക്കാരെ കിട്ടാത്തതിനാൽ ജോലിഭാരം കൂടുന്നത് രണ്ടാമത്. ആദ്യ കാരണത്തിന് ചെറിയൊരു കൗൺസിലിംഗിലൂടെ അപ്പോൾ തന്നെ പരിഹാരം കണ്ടു. രണ്ടാം കാരണത്തിന് എന്റെ കൈവശം ചികിത്സയില്ല.


ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വേദനയെല്ലാം മാറി സുഖമായി പോകുമ്പോൾ അബൂക്ക എനിക്ക് നൽകിയ വാഗ്ദനമായിരുന്നു പരമ്പരാഗത ശൈലിയിലുളള ദം ബിരിയാണി. പാചകത്തിലായിരുന്നു മൂപ്പർക്ക് കമ്പം. ആക്രാന്ത വിവശനായി വീട്ടിലേക്ക് ചെല്ലുമ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത്, വീടിനോട് ചേർന്ന ഷെഡ്ഡിൽ അരയ്ക്കൊപ്പം ഉയരമുള്ള അസ്സലൊരു പുളിമുട്ടി. അത് ഇറച്ചിപ്പുരയിലേക്ക് വേണ്ടി കൊണ്ടുവന്നതാണത്രേ!


എനിക്കാകപ്പാടെ ദേഷ്യം വന്നു. ബിരിയാണിയുടെ ആക്രാന്തത്തിൽ ഞാൻ എന്റെ തൊഴിലിനോട് ആത്മാർത്ഥത കാണിച്ചില്ല എന്നെനിക്ക് തോന്നി. കൈപ്പലകയ്ക്ക് വേദന വരുന്നത് ആദ്യ രണ്ട് കാരണങ്ങൾ കൊണ്ട് മാത്രമല്ല എന്നെനിക്ക് ബോധ്യമായി. ഇറച്ചിവെട്ടിയിരുന്ന മുട്ടി തേഞ്ഞ് തേഞ്ഞ് തീരെ ചെറുതായിരുന്നു!


പഴയ മുട്ടി തേഞ്ഞ് ഉയരം കുറഞ്ഞ് തുടങ്ങിയപ്പോൾ മാറ്റുവാൻ ഒരു വർഷം മുൻപ് വാങ്ങിയതാണത്രേ പുതിയ മുട്ടി. കൈപ്പലക വേദനയ്ക്ക് ചികിത്സ തുടങ്ങിയിട്ടും ഒരു വർഷം! മുട്ടിയുടെ വിലയുടെ പത്തിരട്ടിയെങ്കിലും പലവിധ ചികിത്സക്കായി ചിലവഴിച്ചു. തൊഴിൽ ദിനങ്ങൾ മുടങ്ങിയതും വേദന തിന്നതും വേറെ. മുട്ടി മാറ്റാൻ സമയം കിട്ടിയില്ല പോലും!


മുട്ടി വേണോ പലക വേണോ എന്നൊന്നുമല്ല ഞാൻ ചോദിച്ചത്. അബൂക്കയുടെ മനസ്സറിയാവുന്നതുകൊണ്ട് ഒരു ഇമോഷനൽ മൂവ് നടത്തി. ബിരിയാണി തിന്നണമെങ്കിൽ ഈ നിമിഷം തന്നെ മുട്ടി മാറ്റണം എന്ന എന്റെ ശാഠ്യത്തിനു മുന്നിൽ അബൂക്ക മുട്ട് മടക്കി, മുട്ടി പുതുക്കി.


ഇപ്പോൾ മുട്ടിയും പലകയും ഓക്കെ!


No comments:

Post a Comment

പോസ്റ്റ് ചെയ്തിരിക്കുന്ന വിഷയത്തേക്കുറിച്ചു മാത്രം കമന്റ് ചെയ്യാന്‍ താല്പര്യപ്പെടുന്നു. മറ്റു വിഷയങ്ങള്‍ക്ക് ദയവായി ഈമെയില്‍ ചെയ്യുക.